Showing posts with label Onam Recipes. Show all posts
Showing posts with label Onam Recipes. Show all posts

Sunday, April 11, 2021

കുമ്പളങ്ങ പുളിശ്ശേരി Kumbalanga / Ash gourd / Winter melon Curry with coconut

  1. കുമ്പളങ്ങ കഷ്ണങ്ങളാക്കിയത് - അര കപ്പ്
  2. തേങ്ങാ ചിരകിയത് -1/4 കപ്പ് 
  3. തൈര് -2 കപ്പ് 
  4. മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ 
  5. ജീരകം -1/2 ടി സ്പൂൺ 
  6. ഉലുവപ്പൊടി -1/4 ടീസ്പൂൺ 
  7. പച്ചമുളക് -1 
  8. കുഞ്ഞുള്ളി -2 
  9. കറിവേപ്പില,എണ്ണ,കടുക് ,ഉപ്പ്,വെള്ളം -ആവശ്യത്തിന്
  10. തയ്യാറാക്കുന്ന വിധം
  11. തേങ്ങാ ചിരകിയതിൽ അൽപ്പം മഞ്ഞൾപ്പൊടിയും കുഞ്ഞുള്ളിയും ജീരകവും ചേർത്ത് നന്നായി അരച്ച് വെക്കുക. തൈര് മിക്സിയിൽ നന്നായി അടിച്ചു വെക്കുക.കുമ്പളങ്ങ കഷ്ണങ്ങൾ പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് അടച്ചു വേവിക്കുക.

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങൾ വെന്ത ശേഷം ഇതിലേക്ക് അരപ്പു ചേർത്ത് നന്നായി ഇളക്കുക. ശേഷം തൈര് ചേർത്ത് ചൂടാക്കി വാങ്ങുക. തിളക്കാൻ പാടില്ല.അൽപ്പം ഉലുവാപ്പൊടിയും ചേർത്തിളക്കുക. കടുക് വറുത്തു താളിക്കാം. ഉലുവപ്പൊടിക്ക് പകരം കടുക് വറുക്കുന്നതിന്റെ കൂടെ ഉലുവ ചേർത്താലും മതിയാകും. ഇത്രയുമായാൽ രുചിയുള്ള പുളിശ്ശേരി റെഡി.


Thursday, December 31, 2020

Nutritional Value of Onam Sadya

 

ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതമായതുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. സദ്യയിലെ ഓരോ കറിക്കൂട്ടും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.


ചോറ്

തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറില്‍ ബികോംപ്ലക്‌സ് വിറ്റമിനുകളായ തയമിന്‍, റൈബോഫ്‌ലവിന്‍, നിയാസിന്‍ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൈസീമിക് സൂചകം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ജീവിത ശൈലീരോഗം ഉള്ളവര്‍ക്കും ഗുണം ചെയ്യും. ഫൈറ്റോന്യൂട്രിയന്‍സിനാല്‍ സമ്പന്നമാണ് തവിട് കളയാത്ത അരി. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80% തവിട് നീക്കാത്ത അരി നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ട് വരാന്‍ സഹായിക്കുന്നു.

പരിപ്പ്, നെയ്യ്, പപ്പടം

സാധാരണയായി സദ്യകളില്‍ ആദ്യം വിളമ്പുന്ന കറികളില്‍ ഒന്നാണിവ. പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായിട്ടുണ്ട്. പരിപ്പിലുള്ള പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുന്നു.

നെയ്യില്‍ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കാഴ്ച്ചയ്ക്കും വിറ്റമാന്‍ ഇ ചര്‍മ്മത്തിനും വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്.

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറുകറികള്‍ക്ക് തുല്യമാണ്. സദ്യകളില്‍ ഇലയുടെ മൂലയ്ക്കാണ് സ്ഥാനമെങ്കിലും ദഹനത്തെ സഹായിക്കുന്നതിനാല്‍ ഇഞ്ചിക്കറി ഇല്ലാതെന്ത് സദ്യ. ഇഞ്ചിയിലുള്ള ആന്റീഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, ബി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.

അച്ചാറുകള്‍

നാരങ്ങ, മാങ്ങ എന്നിവയിലുള്ള വിറ്റമിന്‍ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. ധാതുലവണങ്ങള്‍ വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങിലെ സിട്രിക് ആസിഡ് ദഹനത്തിന് സഹായിക്കുന്നു.

കിച്ചടി

വെള്ളരിയ്ക്ക, ബീറ്റ്‌റൂട്ട് എന്നിവയാണ് കിച്ചടിക്കായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാന്‍ സഹായിക്കും. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെള്ളരിയ്ക്ക മുമ്പിലാണ്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാവുന്നതാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. അല്‍ഫാകരോട്ടീന്‍, ബീറ്റാകരോട്ടീന്‍, നാരുകള്‍, വിറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ ഫലപ്രദമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു.

അവിയല്‍

വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് അവിയല്‍. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു.

സാമ്പാര്‍

സാമ്പാര്‍ സ്വാദിനു മാത്രമല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍.

പുളിശ്ശേരി, മോര്, രസം

മോരില്‍ ധാരാളം കാത്സ്യവും വിറ്റമിന്‍ ഡിയും ഉണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയഡിന്‍, റൈബോഫ്‌ളൈവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധ വ്യജ്ഞനങ്ങളാല്‍ തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണ്ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഒണത്തിന് തയ്യാറാക്കാറുണ്ട്. അട പ്രഥമനും പാല്‍പ്പായസവുമാണ് പ്രധാനം. ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായുണ്ട്. കാത്സയം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പാല്‍പായസം.